Wednesday 16 April 2014

ചിറക്കര ഗവ. ഹൈസ്‌ക്കൂൾ : മാറ്റത്തിന്റെ പാതയില്‍

                 ബി. ശരത്‌ചന്ദ്രന്‍പിള്ള  (പ്രസിഡന്റ് , പി.റ്റി.എ.)                                                                                                                                                                                                                                        രു കാര്‍ഷിക ഗ്രാമമായ ചിറക്കരയുടെ ഇന്നോളമുള്ള സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ പുരോഗതിയുടെ അടിത്തറയായി നിലകൊള്ളുന്നത്‌ ഈ വിദ്യാലയമാണ്‌. തലമുറകളെ വിദ്യകൊണ്ട്‌ ജീവിത യോധത്തിന്‌ പ്രാപ്‌തമാക്കിയതും പ്രബുദ്ധമാക്കിയതും ഈ വിദ്യാലയത്തിലെ ക്ലാസ്‌ മുറികളാണ്‌. ഇവിടെത്തെ വന്ദ്യഗുരുക്കന്‍മാരാണ്‌.
    ഏകദേശം രണ്ടു പതിറ്റാണ്ടു മുമ്പുവരെ ഗ്രമങ്ങളില്‍ പൊതുവിദ്യാലയങ്ങള്‍ മാത്രമായിരുന്നു പ്രധാനവിദ്യാകേന്ദ്രങ്ങള്‍. ഇന്ന്‌ സ്ഥിതിമാറി. സ്വകാര്യ സ്‌കൂളുകള്‍ നാട്ടില്‍ സാര്‍വ്വത്രികമായിത്തീര്‍ന്നു. അതോടെ സര്‍ക്കാര്‍ പള്ളിക്കൂടത്തോടുള്ള പൊതു സമൂഹത്തിന്റെ അവഗണന വര്‍ദ്ധിക്കുകയും ചെയ്‌തു.
     നമ്മുടെ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും സാധാരണക്കാരന്റെ മക്കള്‍ക്ക്‌ വിദ്യാഭ്യാസം നേടുന്നതിന്‌ പൊതുവിദ്യാലയങ്ങള്‍ നിലനിന്നേ മതിയാകൂ എന്നുമുള്ള ചിന്ത അടുത്തകാലത്ത്‌ പൊതുസമൂഹത്തില്‍ ഉടലെടുത്തു തുടങ്ങിയിട്ടുണ്ട്‌. സ്വകാര്യ സ്‌കൂളുകളിലെ ഉയര്‍ന്ന വിദ്യാഭ്യാസ ചെലവും പുറം മോടികളും ഒരു വിഭാഗം രക്ഷിതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകണം.
    ഈ സാഹചര്യത്തില്‍ ബഹു. എം.എല്‍.എ ശ്രീ. ജി.എസ്‌ ജയലാലിന്റെ മുന്‍കൈയില്‍ സമഗ്രവിദ്യാഭ്യാസ പദ്ധതി പ്രകാരമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നമ്മുടെ സ്‌കൂളില്‍ തുടക്കം കുറിച്ചു. തികച്ചും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ്‌ ചിറക്കര ഗവ. ഹൈസ്‌കൂളില്‍ ഇതിനകം എം.എല്‍.എ യുടെ മുന്‍കൈയില്‍ നടന്നിട്ടുള്ളത്‌.
ഏതൊരാളിന്റെയും ഗൃഹാതുരതയും ജീവിതാന്ത്യം വരെയുള്ള ഓര്‍മ്മയുമാണ്‌ സ്‌കൂള്‍ വിദ്യാഭ്യാസകാലം. നമ്മുടെ മറവിയുടെ മറഭേദിച്ച്‌ എപ്പോഴും കടന്നുവരാവുന്ന ആ ഓര്‍മ്മകളുടെ ഒരു വീണ്ടെടുപ്പായിരുന്നു സ്‌കൂള്‍ അങ്കണത്തില്‍ നടന്ന രണ്ട്‌ പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമങ്ങള്‍. 9.12.2012ല്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പി.റ്റി.എയുടെ മുന്‍ കൈയിലും നമ്മുടെ എം.എല്‍.എ യുടെ പ്രത്യേക താത്‌പര്യത്തിലും അധ്യക്ഷതയിലുമാണ്‌ നടന്നത്‌. അത്‌ കേവലം ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മാത്രമായിരുന്നില്ല. പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക രക്ഷാകര്‍ത്തൃ സമ്മേളനമായിരുന്നു. തീര്‍ച്ചയായും നമ്മുടെ സ്‌കൂളിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവിന്‌ നാന്ദിയൊരുക്കുന്ന സമ്മേളനമായിരുന്നു അത്‌. ആ വേദിയില്‍ വച്ച്‌ നമ്മുടെ സ്‌കൂള്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങളെപ്പറ്റി എം.എല്‍.എ വിശദീകരിക്കുകയുണ്ടായി. സ്‌കൂളിനെ മണ്ഡലത്തിലെതന്നെ ഒരു മാതൃകാവിദ്യാലയമായി ഉയര്‍ത്തുക എന്ന സ്വപ്‌നമായിരുന്നു അദ്ദേഹം സദസ്സിനോട്‌ പങ്കുവച്ചത്‌. ഇതിനകം സുമനസ്സുകളായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമുകളുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. പൂര്‍ത്തിയാക്കേണ്ട പദ്ധതികളെക്കുറിച്ചും നമ്മുടെ വിദ്യാലയത്തെ ഭൗതികമായും അക്കാദമീയമായും ഉയര്‍ത്തേണ്ട ആവശ്യകതയെക്കുറിച്ചും ആ സമ്മേളനത്തില്‍ സദസ്സിന്‌ ബോധ്യപ്പെട്ടു.
       പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്ക്‌ രക്ഷിതാക്കളുമാണ്‌. ആ നിലയ്‌ക്ക്‌ ഈ സംഗമം വലിയൊരു സന്ദേശമാണ്‌ നമ്മുടെ പൊതുസമൂഹത്തിന്‌ നല്‍കിയത്‌. അന്ന്‌ അവിടെ കൂടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവരുടെ സഹപാഠികളെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയും ഓര്‍മ്മകള്‍ പങ്കിടുകയും ചെയ്‌തു. ഒപ്പം സ്‌കൂളില്‍ നടന്നുവരുന്നവികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തങ്ങളാലാവുന്ന സഹായങ്ങള്‍ നല്‍കണമെന്ന അവരുടെ നിശ്ചയം സ്‌കൂളിന്‌ വിലപ്പെട്ടതായിത്തീര്‍ന്നു.
       ഇപ്പോള്‍ സ്‌കൂളിലെ മുഴുവന്‍ ക്ലാസ്സ്‌ റൂമുകളും സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമുകളായി രൂപം മാറിക്കഴിഞ്ഞു. ഓരോ ക്ലാസ്സ്‌ റൂമിലും അത്‌ പണികഴിപ്പിച്ചവരുടെ പേര്‌ ശിലാഫലകത്തില്‍ എഴുതി വച്ചിട്ടുണ്ട്‌. അത്‌ നമ്മുടെ കുട്ടികള്‍ക്കും ഒരു സന്ദേശമാണ്‌. ഭാവിയില്‍ തന്റെ സ്‌കൂള്‍ അതിന്റെ എല്ലാ സൗകര്യങ്ങളോടും ഔന്നത്യത്തോടും നിലനിര്‍ത്തുക എന്നത്‌ നമ്മുടെ കടമയാണ്‌ എന്ന സന്ദേശം ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പകരാന്‍ ആ ശിലാലിഖിതം ഉപകരിക്കും എന്നത്‌ തീര്‍ച്ചയാണ്‌.
       ഓരോരോ ബാച്ചിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓരോരോ ക്ലാസ്‌ മുറികള്‍ സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ മുറികളായി മാറ്റുന്ന പ്രക്രിയ ആദ്യം വിഭാവനം ചെയ്‌പ്പോള്‍ അത്‌ പ്രായോഗികമായിത്തീരുമോ എന്ന്‌ പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ നമ്മുടെ എം.എല്‍.എ തികഞ്ഞ ആത്മവിശ്വാസ്‌തതോടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ പി.റ്റി.എ യ്‌ക്കും സ്‌കൂള്‍ മാനേജ്‌മെന്റ്‌ കമ്മിറ്റിയ്‌ക്കും ഒപ്പം നിന്നു. അടിയ്‌ക്കടി പ്രവര്‍ത്തന പുരോഗതി അദ്ദേഹം നേരിട്ടു വിലയിരുത്തുകയും സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന്‌ നേരിട്ട്‌ ഇടപെടുകയും ചെയ്‌തു. അത്‌ വലിയ ഫലം ചെയ്‌തു. ഇന്ന്‌്‌ സ്‌കൂളിലെ മുഴുവന്‍ ക്ലാസ്സുകളും സ്‌മാര്‍ട്ട്‌ ക്ലാസ്‌ റൂമുകള്‍ ആയിത്തീര്‍ന്നു കഴിഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വകയായി 20 ക്ലാസ്‌ റൂമുകളാണ്‌ പൂര്‍ത്തിയായത്‌. ഓരോ ക്ലാസ്‌ റൂമിനും 75000 രൂപ വീതം ചെലവുവന്നു. ബഹു. എം.എല്‍.എ ശ്രീ .ജി.എസ്‌ ജയലാലിന്റെ ഫണ്ടില്‍ നിന്നും ഒന്‍പതു ലക്ഷത്തില്‍പരം രൂപ ചെലവിട്ടു നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം സ്‌കൂളിനെ സംബന്ധിച്ച്‌ ഒരു വലിയ നേട്ടം തന്നെയാണ്‌.
സ്‌കൂളിന്റെ ചുറ്റുമതില്‍ കെട്ടുക എന്നത്‌ ദീര്‍ഘനാളായി സ്‌കൂള്‍ പി.റ്റി.എ ആലോചിച്ചിരുന്ന വിഷയമായിരുന്നു. സ്‌കൂളിന്റെ തെക്കുവശത്തു കൂടിയുള്ള ഒരു വഴി പ്രശ്‌നം കീറാമുട്ടിയായി ഇതിന്‌ തടസ്സം സൃഷ്‌ടിച്ചു. സങ്കീര്‍ണ്ണമായ ഈ പ്രശ്‌നം ബഹുമാനപ്പെട്ട ജില്ലാ കളക്‌ടറുടെ മുന്നില്‍ എത്തിക്കുകയും എം.എല്‍.എ യുടെയും വാര്‍ഡുമെമ്പറുടെയും പി.റ്റി.എ പ്രസിഡന്റിന്റെയും സാന്നിദ്ധ്യത്തില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്‌തു. ചുറ്റുമതില്‍ കെട്ടുന്നതിനുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക തടസ്സങ്ങള്‍ നീങ്ങിയതോടെ ഊര്‍ജ്വസ്വലമായി പുനരാരംഭിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും ജില്ലാ പഞ്ചായത്തിന്റെയും സാമ്പത്തിക സഹായത്തോടെയാണ്‌ ഈ പദ്ധതി പൂര്‍ത്തിയാക്കിയത്‌. സ്‌കൂളിന്റെ പെയിന്റിംഗ്‌ ജോലികളും ഏതാണ്ട്‌ പൂര്‍ത്തിയായിട്ടുണ്ട്‌. 335000 രൂപയാണ്‌ ഈ ഇനത്തില്‍ ചെലവുവന്നത്‌. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഭാവനയായിരുന്നു ഇതും. എസ്‌. എസ്‌.എ ഫണ്ടില്‍ നിന്നുമുള്ള വികസന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടന്നു വരികയാണ്‌. ക്വയിലോണ്‍ സെന്‍ട്രല്‍ ലയണ്‍സ്‌ ക്ലബ്ബ്‌ ഒരു ആധുനിക ഷീ- ടോയ്‌ലെറ്റ്‌ നിര്‍മ്മിച്ചു നല്‍കിയതും എടുത്തു പറയേണ്ടതാണ്‌.
അടുത്ത കാലത്ത്‌ ചില സാമൂഹ്യ വിരുദ്ധന്മാര്‍ രാത്രിയില്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറി നാശനഷ്‌ടങ്ങള്‍ വരുത്തിയ നിര്‍ഭാഗ്യകരമായ സംഭവമുണ്ടായി. തീര്‍ച്ചയായും അത്‌ നമ്മുടെ ദേശത്തിന്റെ അന്തസ്സിന്‌ കളങ്കം ചാര്‍ത്തിയ സംഭവമാണ്‌. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചു കൂടാ അതിനാല്‍ രക്ഷിതാക്കളുടെ സഹകരണത്തോടെ ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കണമെന്നുള്ള നിര്‍ദ്ദേശം ഉയര്‍ന്നു വന്നിട്ടുണ്ട്‌. അത്‌ പി.റ്റി.എ യുടെ സജീവ പരിഗണനയിലാണ്‌.
      സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമുകളുടെ നിര്‍മ്മാണം അതിന്റെ പൂര്‍ണ്ണതോതില്‍ ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഓരോ ക്ലാസ്സ്‌ റൂമിലും ഇ-ബോര്‍ഡ്‌ ഉള്‍പ്പെടെയുള്ള മള്‍ട്ടിമീഡിയ സംവിധാനങ്ങള്‍, ആധുനികമായ ഇരിപ്പിടങ്ങള്‍ എന്നിവയൊക്കെ ആവശ്യമാണ്‌. ഇതൊക്കെ ഒറ്റയടിയ്‌ക്ക്‌ നേടാനാവുന്നതല്ല. അതിനാല്‍ തന്നെ ഈ വികസന പ്രവര്‍ത്തനങ്ങള്‍ അനുസൃതമായി തുടരേണ്ടതുണ്ട്‌. വികസന പ്രവര്‍ത്തനങ്ങള്‍ ഒരു തുടര്‍ പ്രക്രിയയാകുമ്പോള്‍ മാത്രമേ വരും കാല പി.റ്റി.എ യ്‌ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയ്‌ക്കും സ്‌കൂളിനെ പരിരക്ഷിക്കുന്നതിനും ഉയര്‍ന്ന നിലവാരത്തില്‍ നിലനിര്‍ത്തുന്നതിനും പ്രേരകമാവുകയുള്ളൂ.
      സ്‌കൂളിലേയ്‌ക്ക്‌ സംഭാവന ചെയ്യുക എന്നത്‌ ക്ഷേത്രത്തിലേയ്‌ക്ക്‌ സംഭാവന ചെയ്യുന്നതുപോലെ ഒരു പുണ്യ പ്രവൃത്തിയാണെന്ന അവബോധം നമ്മുടെ നാട്ടുകാര്‍ക്കുണ്ടാകണം. വിദ്യാലയത്തെ സരസ്വതീക്ഷേത്രം എന്നാണല്ലോ പറയുക. അങ്ങനെയൊരു സംസ്‌കാരം പൊതു സമൂഹത്തില്‍ വളര്‍ന്നു വരുന്നതോടെ യഥാര്‍ത്ഥ്യമാകുന്നത്‌ വരും തലമുറയുടെ ഉജ്വലമായ ഭാവിയായിരിക്കും . അതോടൊപ്പം അനുഗൃഹീതമാകുന്നത്‌ നമ്മുടെ ദേശവും. മാറാനുള്ളത്‌ വിദ്യാലയത്തോടുള്ള നമ്മുടെ മനോഭാവം മാത്രമാണ്‌.
      സ്വകാര്യ അണ്‍ എയിഡഡ്‌ സ്‌കൂളില്‍ ഉള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും നമ്മുടെ സ്‌കൂളില്‍ ഉണ്ടാകണം. ഒരു പക്ഷേ, അതില്‍ കൂടുതല്‍. സമീപ ഭാവിയില്‍ മക്കള്‍ ചിറക്കര ഗവ. ഹൈസ്‌കൂളില്‍ പഠിക്കുന്നു എന്ന്‌ രക്ഷിതാക്കള്‍ അഭിമാനത്തോടെ പറയുന്ന ഒരുനാള്‍ വരുക എന്നതാണ്‌ നമ്മുടെ സ്വപ്‌നവും ലക്ഷ്യവും.
ഭൗതിക സൗകര്യങ്ങള്‍ മാത്രം കൊണ്ട്‌ ഒരു വിദ്യാലയത്തിന്‌ അത്തരമൊരു നില നേടിയെടുക്കാനാവില്ല എന്നത്‌ വിസ്‌മരിച്ചുകൊണ്ടല്ല ഇക്കാര്യം പറയുന്നത്‌. തീര്‍ച്ചയായും ഒരു വിദ്യാലയത്തിലെ പരമപ്രധാനമായ നേട്ടം അക്കാദമീയം തന്നെയാണ്‌. പഠനനിലവാരത്തില്‍ മികവു പുലര്‍ത്തിയില്ലെങ്കില്‍ ഭൗതിക സൗകര്യങ്ങള്‍ക്ക്‌ അര്‍ത്ഥമില്ല. ആത്മാവില്ലാത്ത ശരീരം കൊണ്ട്‌ എന്തുകാര്യം?
      ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം ഒരു പരിധിവരെ കൈവരിക്കുന്നതോടൊപ്പം തന്നെ അക്കാദമീയമായ കാര്യങ്ങളില്‍ തത്തുല്യമായ പ്രാധാന്യത്തോടെ മികവിനായുള്ള പ്രവര്‍ത്തനങ്ങള്‍ അനുസൃതമായ തുടരേണ്ടതുണ്ട്‌. സമര്‍പ്പിത മനസ്‌കരായ മികച്ച അധ്യാപകരാണ്‌ നമ്മുടെ സ്‌കൂളിന്‌ ഇന്നുള്ളത്‌. അവര്‍ ഇതിനകം അതിനായുള്ള സജീവമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്‌.
എസ്‌.എസ്‌.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌പെഷ്യല്‍ ക്ലാസ്സുകള്‍, പ്രൈമറിയില്‍ നിന്നും അപ്പര്‍ പ്രൈമറിയിലേയ്‌ക്ക്‌ എത്തുന്ന കുട്ടികള്‍ക്ക്‌ ഭാഷ, ഗണിത ക്രിയ എന്നിവയില്‍ അടിസ്ഥാന പരിശീലനം, ആരോഗ്യ -കായിക നിലവാരം മെച്ചപ്പെടുത്താന്‍ സമ്പൂര്‍ണ്ണ കായിക പരിശീലന പദ്ധതി, ബോക്‌സിംഗ്‌, ഖൊഖൊ, കബഡി, ഷട്ടില്‍, വോളീബോള്‍, അത്‌ലറ്റിക്‌സ്‌ എന്നിവയ്‌ക്ക്‌ ദിവസേന പരിശീലനം, കലാ പരിശീലനത്തിന്‌ പ്രത്യേക അധ്യാപകര്‍, സ്‌കൂള്‍ യുവജനോത്സവത്തിന്‌ പ്രത്യേക പരിശീലനങ്ങള്‍, കൗണ്‍സിലിംഗ്‌ യോഗ, സ്‌പോക്കണ്‍ ഇംഗ്ലീഷ്‌ ക്ലാസ്സുകള്‍ എന്നിവ ഇപ്പോള്‍ നടന്നു വരുന്നു. സംസ്ഥാന ബോക്‌സിംഗ്‌ ചാമ്പ്യന്‍ ഷിപ്പില്‍ നമ്മുടെ സ്‌കൂളിലെ ചുണക്കുട്ടികള്‍ 3 സ്വര്‍ണ്ണവും, 2 വെള്ളിയും, 3 വെങ്കലവും നേടുകയുണ്ടായി. ജൂനിയര്‍ റെഡ്‌ക്രോസിന്റെ കൊല്ലം ജില്ലയിലെ ബെസ്റ്റ്‌ കേഡറ്റായി നമ്മുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി വര്‍ഷയെ തിരഞ്ഞെടുക്കപ്പെട്ടു.
     ഈ അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നമ്മുടെ അധ്യാപകര്‍ക്ക്‌ ആവശ്യമായ പിന്തുണയും , സഹകരണവും, പ്രോത്സാഹനവും, ശ്രദ്ധയും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും രക്ഷിതാക്കളുടേയും നാട്ടുകാരുടെയും പക്ഷത്തുനിന്നും ഉണ്ടാകേണ്ടതാണ്‌. അങ്ങനെയെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ഇനിയും ഉന്നതമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും എന്നതില്‍ സംശയമില്ല.
      സ്‌കൂള്‍ പി.റ്റി.എ ശക്തിപ്പെടുത്തുക, സ്‌കൂളിന്റെ അച്ചടക്കവും സുരക്ഷിതത്വവും മുന്‍ നിര്‍ത്തി ജാഗ്രതാ സമിതി രൂപീകരിക്കുക, പഠന നിലാവാരം മെച്ചപ്പെടുത്തുന്നതിനായി കൂട്ടായ ശ്രമം നടത്തുക, ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ധന ശേഖരണം നടത്തുക, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പുന.സംഘടിപ്പിക്കുക, എല്ലാറ്റിനുപരി നാട്ടുകാരില്‍ നമ്മുടെ വിദ്യാലയം മെച്ചപ്പെടുത്തി പരിപാലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധനം വളര്‍ത്തുക എന്നിങ്ങനെ നമുക്ക്‌ ചെയ്‌തു തീര്‍ക്കേണ്ട കര്‍ത്തവ്യങ്ങള്‍ അനവധിയാണ്‌.
നമ്മുടെ ദേശത്തിന്റെ ഭാവി തീരുമാനിക്കുന്നത്‌ ഈ വിദ്യാലയമാണ്‌. നാട്ടിലെ സാധാരണക്കാരന്‌ അവന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ലഭിക്കുന്ന സാഹചര്യം സൃഷ്‌ടിക്കേണ്ടത്‌ ഭരണാധികാരികളുടെ മാത്രം ചുമതലയാണെന്നു കരുതി നാം നിസ്സംഗരായിരിക്കുവാന്‍ പാടില്ല. ആ ചുമതലാ ബോധം നമുക്കോരുരുത്തര്‍ക്കും ഉണ്ടായാല്‍ മാത്രമേ ഇന്നാടിന്‌ സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും നാളെ തലയുയര്‍ത്തി നില്‍ക്കാനാവൂ എന്നു നാം ഓര്‍ക്കണം. ഈ പൊതു വിദ്യാലയത്തിന്റെ ഭാവി നമ്മുടെ ദേശത്തിന്റെ ഭാവിയാണ്‌.