സ്കൂൾ ചരിത്രം

         ചിറക്കര ഗവ. ഹൈസ്‌ക്കൂള്‍ : ചരിത്രത്തിലൂടെ                                          എസ്‌. അശോക്‌ കുമാര്‍ (മുന്‍ പ്രസിഡന്റ്, പിറ്റി.എ.)                                                                                                                                                                    ചിറക്കര ഗവ. ഹൈസ്‌കൂളിന്‌ സുദീര്‍ഘമായ ഒരു ചരിത്രമുണ്ട്‌. ഏകദേശം നൂറ്‌ വര്‍ഷങ്ങള്‍ക്കുമുമ്പേ ഇവിടെ ഒരു ലോവര്‍ പ്രൈമറി സ്‌കൂള്‍ നിലവിലുണ്ടായിരുന്നു. പോളച്ചിറ ചെല്ലപ്പന്‍പിള്ളയുടെ മാനേജ്‌മെന്റിലായിരുന്നു അത്‌.ചിറക്കര ദേവീക്ഷേത്രത്തിനു മുന്‍ഭാഗത്തായി പോറ്റിമാരുടെ വകയായുണ്ടായിരുന്ന വസ്‌തുവിലായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്‌. പ്രധാനമായും രണ്ട്‌ അധ്യാപകരായിരുന്നു സ്‌കൂളില്‍ ഉണ്ടായിരുന്നത്‌. ചിറക്കര കുന്നിലവിളവീട്ടില്‍ ബാലന്‍പിള്ളസാറും പരമേശ്വരന്‍പിള്ളസാറും.                                                    നന്നായി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്‌കൂളില്‍ ഒരുനാള്‍ ഒരു തീപിടുത്തമുണ്ടായി. തീപിടുത്തത്തില്‍ സ്‌കൂള്‍ പൂര്‍ണ്ണമായും കത്തിനശിച്ചുപോയി. അതോടെ ചിറക്കരയിലുണ്ടായിരുന്ന ഏക വിദ്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിച്ചു.                                                                                                             സ്‌കൂളിന്‌ തനിയെ തീപിടിച്ചതാണെന്നും ബാലന്‍പിള്ളസാര്‍ തീവച്ചുനശിപ്പിച്ചതാണെന്നും രണ്ടുപക്ഷമുണ്ട്‌.എന്നാല്‍ സ്‌കൂള്‍ മാനേജര്‍ പോളച്ചിറ ചെല്ലപ്പന്‍പിള്ള ബാലന്‍പിള്ള സാറുമായുള്ള ഏതോ അഭിപ്രായവ്യത്യാസത്തെതുടര്‍ന്ന്‌ സ്‌കൂള്‍ തീവച്ചുനശിപ്പിച്ചതാണെന്നും അതിനുശേഷംകൃത്യം ചെയ്‌തത്‌ ബാലന്‍പിള്ള സാറാണെന്നും വരുത്തിത്തീര്‍ത്ത്‌ അദ്ദേഹത്തിനെതിരെ കേസ്സുകൊടുത്തുവെന്നും പറഞ്ഞുകേട്ടിട്ടുണ്ട്‌. ഏതായാലും     ചിറക്കരദേശത്തെ സംബന്ധിച്ച്‌ നിര്‍ഭാഗ്യകരമായ ഒരു സംഭവമായിരുന്നു അത്‌.                                                                            പിന്നീട്‌ ഏറെക്കാലം മറ്റൊരു വിദ്യാലയത്തിനായുള്ള പ്രവര്‍ത്തനങ്ങളൊന്നും തന്നെ നടന്നില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്‌തിയ്‌ക്കുശേഷം പൊതു സമൂഹത്തിലുണ്ടായ നവോത്ഥാനചിന്താഗതിയുടെ ഫലമായി ചിറക്കരയിലെ അന്നത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ നാട്ടില്‍ ഒരു വിദ്യാലയം വേണമെന്ന്‌ നിശ്ചയിക്കുകയും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിയ്‌ക്കുകയും ചെയ്‌തു.


   ചിറക്കരദേവീക്ഷേത്ര ദേവസ്വം സ്‌കൂളിനുവേണ്ടി ക്ഷേത്രം വകയായ 50 സെന്റ്‌ സ്ഥലം സംഭാവനയായി നല്‍കാമെന്ന്‌ സമ്മതിച്ചതോടെ സ്‌കൂളിനായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലായി.ആ സന്ദര്‍ഭത്തില്‍ തീപിടിച്ചുപോയ സ്‌കൂളിന്റെ മാനേജര്‍ പോളച്ചിറ ചെല്ലപ്പന്‍പിള്ള, ദേവസ്വം നല്‍കുന്ന സ്ഥലത്ത്‌ താന്‍ സ്‌കൂള്‍ തുടങ്ങാന്‍ സന്നദ്ധനാണെന്ന്‌ അറിയിച്ചുകൊണ്ട്‌ മുന്നോട്ടുവന്നുവെങ്കിലും ക്ഷേത്രദേവസ്വം ഭരണസമിതി അത്‌ അനുവദിച്ചില്ല. നാട്ടിലെ പുരോഗമനേച്ഛുക്കളായ യുവജനങ്ങളും ബാലന്‍പിള്ളസാറും ദേവസ്വം ഭരണസമിതിയും ഒത്തുചേര്‍ന്ന്‌്‌ ദേവസ്വം നല്‍കിയ ഭൂമിയില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

ദേവസ്വം നല്‍കിയ ഭൂമിയില്‍ സ്‌കൂള്‍ കെട്ടിടം പണിയുന്നതിന്‌ ആവശ്യമായ സമ്പത്ത്‌ കണ്ടെത്തുന്നതിന്‌ സമയമെടുക്കുമെന്നതിനാല്‍ 1948 ജൂണ്‍ 3-ാം തീയതി ചിറക്കര ഇടവട്ടത്തുചേരിയില്‍ കുളങ്ങര പരമേശ്വരന്‍പിള്ളയുടെ വീട്ടില്‍വെച്ച്‌ ചിറക്കര ഗവണ്‍മെന്റ്‌ ലോവര്‍പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. പ്രായ്‌ക്കാട്ട്‌ വി. ഗോപാലന്‍ നായര്‍ ആയിരുന്നു പ്രധാന അധ്യാപകന്‍.ചിറക്കര ഇടവട്ടത്ത്‌ രവീന്ദ്രവിലാസം വീട്ടില്‍ ശാന്തകുമാരിയമ്മയെ ആദ്യവിദ്യാര്‍ത്ഥിനിയായി ചേര്‍ത്തുകൊണ്ടാണ്‌ ഒന്നാംക്ലാസ്‌ ആരംഭിച്ചത്‌.

   സ്‌കൂള്‍ കെട്ടിടം പണിയുന്നതിനുള്ള സമ്പത്ത്‌ കണ്ടെത്തുകയായിരുന്നു സ്‌കൂളിനുവേണ്ടി പരിശ്രമിച്ച യുവസംഘത്തിന്റെ അടുത്തലക്ഷ്യം. നാട്ടില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച്‌ കെട്ടിടം പണി പൂര്‍ത്തിയാക്കാനാവുന്ന സാമ്പത്തിക സ്ഥിതിയായിരുന്നില്ല അന്ന്‌ ചിറക്കരദേശം. എന്നാല്‍ സംഘാടകര്‍ സിംഗപ്പൂര്‍ പ്രവാസികളായ ചിറക്കരക്കാരെ ബന്ധപ്പെട്ട്‌ സ്‌കൂളിനുവേണ്ടി ധനസഹായം അഭ്യര്‍ത്ഥിച്ചു. അതിനുഫലമുണ്ടായി .സിംഗപ്പൂരിലുള്ള ചിറക്കരദേശക്കാര്‍ പരസ്‌പരം ബന്ധപ്പെട്ട്‌ സ്‌കൂളിനുവേണ്ടി ധനശേഖരണം നടത്താന്‍ ഒരു കമ്മിററി രൂപീകരിച്ചു. വാപ്പാലവീട്ടില്‍ ശ്രീമാന്‍ കേശവപിള്ള സെക്രട്ടറിയായും മുടിയില്‍വീട്ടില്‍ വാസുപിള്ള പ്രസിഡന്റായും ആയിരുന്നു കമ്മിറ്റി.അവരുടെ ശ്രമഫലമായി നല്ലൊരു തുക ശേഖരിച്ച്‌ നാട്ടിലെത്തിച്ചു.അങ്ങനെ ചിറക്കര സ്‌കൂളിന്റെ ആദ്യകെട്ടിടം യാഥാര്‍ത്ഥ്യമായി.

        എല്‍.പി സ്‌കൂള്‍ യു.പി സ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്യിക്കാന്‍ പിന്‍കാലത്ത്‌ ദേശസ്‌നേഹികളായ സുമനസ്സുകള്‍ വീണ്ടും കൈകോര്‍ത്തതിന്റെ ഫലമായി 1957 ല്‍ ചിറക്കര ഗവ.എല്‍.പി.സ്‌കൂള്‍ ചിറക്കര ഗവ.യു.പി സ്‌കൂളായി മാറി.ഇ.എം.എസ്‌ മന്ത്രിസഭയില്‍ മുണ്ടശ്ശേരിമാസ്റ്റര്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കെയാണ്‌ ഈ നേട്ടം കൈവന്നത്‌.ചിറക്കര കോണത്തുവീട്ടില്‍ കൃഷ്‌ണപിള്ളയും കോണത്തുവീട്ടില്‍ പാച്ചന്‍പിള്ളയുമാണ്‌ ഇക്കാര്യത്തിനുവേണ്ടിയുളള പരിശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.അവര്‍ ദിവസങ്ങളോളം തിരുവനന്തപുരത്ത്‌ തങ്ങി വിദ്യാഭ്യാസമന്ത്രിയെകണ്ട്‌ നമ്മുടെ സ്‌കൂള്‍ യു.പി സ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌ത ഉത്തരവും വാങ്ങിയാണ്‌ നാട്ടിലെത്തിയത്‌.

      പിന്നീട്‌ ശ്രീ ഇ.കെ നയനാര്‍ മുഖ്യമന്ത്രിയായിരുന്നകാലത്താണ്‌ യു.പി സ്‌കൂള്‍ ഹൈസ്‌കൂളായി മാറിയത്‌. അക്കാലത്തെ ചിറക്കരയിലെ സാമൂഹ്യ-രാഷ്‌ട്രീയ പ്രവര്‍ത്തകരായ ശ്രീമാന്മാര്‍ എസ്‌. ഗോപാലകൃഷ്‌ണപിള്ളസാര്‍, പ്രഭാകരപിള്ളസാര്‍, പാച്ചന്‍പിള്ള, കൃഷ്‌ണപിള്ള തുടങ്ങിയവരാണ്‌ ഈ നേട്ടത്തിനുപിന്നില്‍ പരിശ്രമിച്ചവര്‍. അവരടെ പരിശ്രമം ചിറക്കര ഗവ. ഹൈസ്‌കൂള്‍ എന്ന നാട്ടുകാരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി.

സ്ഥലപരിമിതി സ്‌കൂളിനെ സംബന്ധിച്ച്‌ ഒരു പ്രശ്‌നം തന്നെയായിരുന്നു . ഈ സന്ദര്‍ഭത്തിലാണ്‌ ശ്രീ. നാരായണക്കുറുപ്പ്‌ മുതല്‍ പേരുടെ സ്വാധീനത്താല്‍ ചിറക്കരക്ഷേത്ര ദേവസ്വം സ്‌കൂളിന്‌ 50 സെന്റ്‌ സ്ഥലം ദാനമായി നല്‍കിയത്‌.നാട്ടുകാരില്‍ നിന്നും സംഭാവന പിരിച്ച്‌ ഒരു ഏക്കര്‍ പത്തുസെന്റ്‌ വസ്‌തു സ്‌കൂളിനുവേണ്ടി വിലയ്‌ക്കുവാങ്ങുകയും ചെയ്‌തു.

                                                 ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് ‍‍-1983

    സ്‌കൂള്‍ യു.പി.എസ്‌ ആയ വേളയില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച്‌ അഞ്ച്‌ ക്ലാസ്‌മുറികളുള്ള ഒരു കെട്ടിടവും ഹൈസ്‌കൂള്‍ ആയപ്പോള്‍ അഞ്ച്‌ക്ലാസ്‌ മുറികളുള്ള ഒരു കെട്ടിടവും രണ്ടുക്ലാസ്‌ മുറികളുള്ള മറ്റൊരുകെട്ടിടവും പണികഴിപ്പിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന്‌ ഇത്തിക്കര ബ്ലോക്കില്‍നിന്നും ജെ.ആര്‍. വൈ ഫണ്ടുപയോഗിച്ച്‌ ഒരു ഇരുനില കെട്ടിടം നിര്‍മ്മിച്ചു.

         പിന്നീട്‌ അതാതുകാലത്തെ പി.റ്റി.എ. യുടേയും രാഷ്‌ട്രീയപ്രവര്‍ത്തകരുടേയം പരിശ്രമങ്ങളുടെ ഫലമായി ശ്രീ പി . രാജേന്ദ്രന്‍ അവര്‍കളുടെ എം.പി ഫണ്ട്‌ ഉപയോഗിച്ച്‌ രണ്ട്‌ ക്ലാസ്സ്‌ മുറികളുള്ള മറ്റൊരു കെട്ടിടവും പണികഴിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌, ജില്ലാ പഞ്ചായത്ത്‌ ഫണ്ടുകള്‍ ഉപയോഗിച്ചുകൊണ്ട്‌ സ്‌കൂളിന്റെ മുന്‍വശത്ത്‌ ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞു. സ്‌കൂളിന്‌ മുന്‍വശത്തുളള ഗേറ്റ്‌ ചിറക്കര മാതാഹൗസില്‍ രവീന്ദ്രന്‍പിള്ളയുടെ സംഭാവനയാണ്‌. സ്‌കൂളിലെ ആദ്യകാല അദ്ധ്യാപകനായിരുന്ന കുന്നിലവിള ബാലന്‍പിള്ള സാറിന്റെ സ്‌മാരകമായി അദ്ദേഹത്തിന്റെ മകന്‍ മോഹനന്‍പിള്ള ഒരു സ്റ്റേജ്‌ നിര്‍മ്മിച്ചുനല്‍കി.
        ഇപ്പോള്‍ നമ്മുടെ പ്രിയങ്കരനായ എം.എല്‍.എ ശ്രീ.ജി.എസ്‌ ജയലാലിന്റെ മുന്‍കൈയില്‍ സ്‌കൂളില്‍ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. നമ്മുടെ സ്‌കീളിനെ ഒരു മോഡല്‍സ്‌കൂള്‍ ആയി മാറ്റണമെന്ന്‌ ലക്ഷ്യത്തോടെയൊണ്‌ പ്രവര്‍ത്തനങ്ങള്‍. നാട്ടുകാരെയും പൂര്‍വ്വവിദ്യാര്‍ത്ഥികളെയും എം.എല്‍.എ തന്നെ നേരിട്ട്‌ സമീപിച്ച്‌ സംഭാവനകള്‍ സ്വരൂപിച്ച്‌ ഏതാണ്ട്‌ എല്ലാക്ലാസ്സുകളും സ്‌മാര്‍ട്ട്‌ ക്ലാസ്‌ റൂമുകളാക്കി മാറ്റി.ചുറ്റുമതിലിന്റെ പണി നടന്നുവരുന്നു. എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ച്‌ ആഡിറ്റോറിയം പണി പൂര്‍ത്തിയാക്കി
നമ്മുടെ സ്‌കൂളിനെ ഒരു ഹയര്‍സെക്കന്ററി സ്‌കൂള്‍ ആയി ഉയര്‍ത്താന്‍ കാലാകാലങ്ങളിലെ പി.റ്റി.എ കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അതിനുകഴിഞ്ഞില്ല എന്നത്‌ നിരാശാജനകമാണ്‌. സമീപഭാവിയില്‍തന്നെ ആ ലക്ഷ്യം നമുക്ക്‌ നേടിയെടുക്കാന്‍ കഴിയും എന്നു പ്രത്യാശിക്കാം.

No comments:

Post a Comment